Tuesday, June 9, 2009

വംശീയവിദ്വേഷം പ്രചരിപ്പിക്കുന്ന ഒര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍

ഓര്‍ക്കുട്ട് എന്ന പദം ഓണ്‍ലൈന്‍ മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ എങ്കിലും ഇന്നത് അവന് വളരെ സുപരിചിതമായ ഒന്നായിത്തീര്‍ന്നിരിക്കുന്നു. ബ്രസീലിനു ശേഷം ലോകത്ത് ഒര്‍ക്കുട്ട് ഉപയോഗിക്കുന്നവരില്‍ രണ്ടാമത് ഇന്ത്യക്കാരാണെന്നതും ഇതിന് കാരണമായിത്തീര്‍ന്നിരിക്കുന്നു. നഷ്ടസൗഹ്രിദങ്ങളെ വീണ്ടെടുക്കാനും പുതിയ സൗഹ്രിദസമ്പാദനത്തിനും ഈ മാധ്യമത്തെ ബഹുപൂരിപക്ഷവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നൂതനമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുന്ന കമ്മ്യൂണിറ്റികളാണ് ഒര്‍ക്കുട്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒര്‍ക്കുട്ട് സ്ഥാപകന്‍ ഒര്‍ക്കുട്ട് ബുയുക്ടോക്സ്ടെന്റ പേരില്‍ മുതല്‍ നമ്മുടെ കൊച്ചു ഗ്രാമത്തലെ പ്രൈമറി സ്കൂളിന്റെ പേരില്‍ വരെ ഒര്‍ക്കുട്ടില്‍ കമ്മ്യൂണിറ്റികള്‍ നിലവില്‍ ഉണ്ട്. എന്നാല്‍ സമാധാന കാംക്ഷികളില്‍ ആശങ്കയുണര്‍ത്തും വിധം ഒര്‍ക്കുട്ട് വര്‍ഗ്ഗീയതയുടെ പേരിലുള്ള വിഭാഗീയതക്ക് വേദിയായിക്കൊണ്ടിരിക്കുകയാണോ എന്ന് സംശയമുണര്‍ത്തുന്ന തരത്തിലാണ് പല കമ്മ്യൂണിറ്റികളിലും ചര്‍ച്ചകള്‍ മുന്നേറുന്നത്.
സംഘപരിവാറീയന്‍ ആശയങ്ങള്‍ക്ക് അത്രയൊന്നും വളക്കൂറില്ലാത്ത മണ്ണാണ് കേരളത്തിലേതെന്ന് നാളിതു വരെയുള്ള ഇലക്ഷന്‍ ഫലങ്ങള്‍ വിളിച്ചോതുന്നു. എന്നാല്‍ തങ്ങളുടെ ആശയങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ഇവര്‍ ഒര്‍ക്കുട്ട് വേദിയാക്കുന്നു എന്നതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ കാണിക്കാന്‍ കഴിയും.ഒരു കൂട്ടം വര്‍ഗ്ഗീയചിന്താഗതിക്കാര്‍ ഒത്ത് ചേര്‍ന്ന് രൂപം കൊടുക്കുന്ന ഇത്തരം കമ്മ്യൂണിറ്റികളില്‍ മോഡറെറ്റര്‍മാര്‍ മുഴുവനും സമാനചിന്താഗതിക്കാരയിരിക്കും. തങ്ങളെ എതിര്‍ക്കുന്നവരെ സഭ്യമായ ഭാഷയുടെ സീമകള്‍ ലംഘിച്ച് നേരിടുന്ന ഇവര്‍ക്ക് മോഡറേറ്റര്‍മാരുടെ എല്ലാ വിധ പിന്തുണയും ഉണ്ടെന്നത് ഒരു നഗ്നസത്യമാണ്. എതിര്‍ക്കുന്നവരെ നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇത്തരം മോഡറേറ്റര്‍മാരുടെ പ്രവര്‍ത്തനരീതി.
തങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹിയെന്നും,വര്‍ഗ്ഗീയവാദിയെന്നും വിളിച്ച് പ്രകോപിപ്പിക്കുന്ന ഇവര്‍ മറ്റുള്ളവരെ ഫെയ്ക്കുകളാക്കി മുദ്ര കുത്തിയാണ് കമ്മ്യൂണിറ്റിയില്‍ നിന്നും പുറത്താക്കുന്നത്. ഓണ്‍ലൈന്‍ മാഗസിനും സൗഹ്രിദസംഗമവുമൊക്കെയായി അരങ്ങ് തകര്‍ക്കുന്ന ഇവര്‍ പക്ഷേ സൗഹ്രുദം കാത്തു സൂക്ഷിക്കുന്നത് സമാനമനസ്കരുമായി മാത്രമായിരിക്കും. ഫെയ്ക്ക് പ്രൊഫൈലുകളെ എതിര്‍ക്കുന്ന ഇവര്‍ക്കിടയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഫെയ്ക്ക് പ്രൊഫൈലുകള്‍ നിലവിലുള്ളതെന്നാണ് ഏറ്റവും വിരോധാഭാസം. മലയാളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിറ്റിയെ ഹൈജാക്ക് ചെയ്യാന്‍ വേണ്ടി സര്‍വ്വ അടവുകളും പയറ്റുന്ന ഒരു വിദ്വാന് യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന ഒരു ഫേക്ക് പ്രൊഫൈലും,ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജം എന്ന് തിരിച്ചറിയാവുന്ന മറ്റൊരു സ്ത്രീ പ്രൊഫൈലും ഉണ്ട്. നല്ല രീതിയില്‍ നടന്നു പോയിക്കൊണ്ടിരുന്ന ഒരു കമ്മ്യൂണിറ്റിയില്‍ കടന്ന് കൂടി ഫേക്ക് പ്രൊഫൈലുകള്‍ക്കെതിരെ എന്ന പേരില്‍ കലാപമുണ്ടാക്കി പോള്‍ നടത്തി ആ കമ്മ്യൂണിറ്റിയിലെ സജീവമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ തനിക്ക് മേല്‍ക്കോയ്മയുള്ള മറ്റൊരു കമ്മ്യൂണിറ്റിയിലേക്ക് അംഗങ്ങളാക്കിയതും ഇദ്ധേഹം തന്നെയാണെന്നതാണ് ഏറെ രസകരം.മരണപ്പെട്ടവരെ പോലും മതത്തിന്റെ പേരില്‍ അടച്ചാക്ഷേപിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഇത്തരക്കാരുടെ പ്രവര്‍ത്തനത്തിനു പിന്നിലെ അജണ്ടയെന്തെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.